This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്

കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്

വനഗവേഷണം, പരിസ്ഥിതി-ജൈവവൈവിധ്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം. കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 1975 ജൂലായ് 3-നാണ് സ്ഥാപിതമായത്. വന-പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ മാര്‍ഗനിര്‍ദേശങ്ങള്‍ ഗവണ്‍മെന്റിന് നല്കുന്നത് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. തൃശ്ശൂരിലെ പീച്ചിയാണ് കെ.എഫ്.ആര്‍.ഐ.യുടെ ആസ്ഥാനം. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, വേലുപ്പാടം എന്നിവിടങ്ങളില്‍ കെ.എഫ്.ആര്‍.ഐ.യുടെ ഉപകേന്ദ്രങ്ങളും കൊട്ടപ്പാറ, ദേവികുളം എന്നിവിടങ്ങളില്‍ രണ്ട് ഫീല്‍ഡ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഒന്‍പത് ഡിവിഷനുകളിലായാണ് വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സുസ്ഥിര വനപരിപാലനം (Sustainable Forest Management), വനജനിതക ശാസ്ത്രവും ജൈവസാങ്കേതിക വിദ്യയും (Forest Genetics and Biotechnology), വന ഇക്കോളജിയും ജൈവ വൈവിധ്യ സംരക്ഷണവും (Forest ecology & Biodiversity conservation), വുഡ്സയന്‍സ് ആന്‍ഡ് ടെക്നോളജി (Wood Science & Technology), ഫോറസ്ട്രി & ഹ്യൂമന്‍ ഡൈ മെന്‍ഷന്‍സ്, ഫോറസ്റ്റ് ഹെല്‍ത്ത്, ഫോറസ്റ്റ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എക്സ്റ്റെന്‍ഷന്‍ & ട്രെയിനിങ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്നിവയാണവ.

തദ്ദേശീയ (endemic) വൃക്ഷ സ്പിഷീസുകള്‍, ഔഷധ ഗുണമുള്ള വൃക്ഷങ്ങള്‍, വാണിജ്യ പ്രാധാന്യമുള്ള മുളകള്‍, ചൂരല്‍ തുടങ്ങിയവയെ ടിഷ്യൂകള്‍ച്ചര്‍ രീതിയിലൂടെ പ്രവര്‍ധനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കെ.എഫ്.ആര്‍.ഐ. നേതൃത്വം നല്കുന്നുണ്ട്. വന ഇക്കോവ്യൂഹങ്ങളുടെ നിര്‍ണയവും സംരക്ഷണവും, ജൈവവൈവിധ്യ സംരക്ഷണം, പുതിയ ജാതി ജന്തുക്കളുടെ കണ്ടെത്തല്‍, വന്യജീവി സെന്‍സസ് എന്നിവയ്ക്കാണ് ഫോറസ്റ്റ് ഇക്കോളജി വിഭാഗം മേല്‍നോട്ടം വഹിക്കുന്നത്. മൃഗങ്ങളുടെ രോമം, ചര്‍മം, മാംസം തുടങ്ങിയ അവശിഷ്ടങ്ങള്‍ പരിശോധിച്ച് അവയെ തിരിച്ചറിയുന്നതിനായി ഒരു ഫോറന്‍സിക് ലബോറട്ടറിയും കെ.എഫ്.ആര്‍.ഐ.യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തടികളെ നശിപ്പിക്കുന്ന പ്രാണികളെയും മറ്റുരോഗങ്ങള്‍ പരത്തുന്ന ചെറുഷഡ്പദങ്ങളെയുമെല്ലാം ജൈവനിയന്ത്രണത്തിലൂടെ ഒഴിവാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കെ.എഫ്.ആര്‍.ഐ. നേതൃത്വം നല്കുന്നു. ജി.ഐ.എസ്., റിമോട്ട് സെന്‍സിങ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ വനവിസ്തൃതി നിര്‍ണയനം, വനവിഭവങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയവയ്ക്കും വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് മേല്‍നോട്ടം വഹിക്കുന്നു.

നിലമ്പൂര്‍ ഉപകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന തേക്ക് മ്യൂസിയം കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രധാന കേന്ദ്രമാണ്. കലയും ശാസ്ത്രവും മനോഹരമായി സമന്വയിപ്പിച്ച് തേക്കിന്റെ ചരിത്രം, ഈ മേഖലയില്‍ നടന്നിട്ടുള്ള ഗവേഷണം തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം ലോകത്തിലെ തന്നെ ഏക തേക്ക് മ്യൂസിയമാണ്. കേരളത്തിലെ വനസസ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശാലമായ ഹെര്‍ബേറിയം, കേരളത്തിലെ ആര്‍ദ്ര ഇലപൊഴിയും കാടുകളിലുള്ള അപൂര്‍വവും പ്രധാനപ്പെട്ടതുമായ വൃക്ഷസ്പിഷീസുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അര്‍ബോറെറ്റം, 80-ഓളം ഇനം പനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പാമെറ്റം (Palme-tum), 30 സ്പിഷീസ് ചൂരലുകളുള്ള ഒരു കെയ്നറ്റം (Canetum), വിവിധയിനം മുളകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബാംബൂസെറ്റം (Bambusetum), തദ്ദേശ-വിദേശ വൃക്ഷ സ്പിഷീസുകളുടെ മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സൈലേറിയം (Xylarium), ഓര്‍ക്കിഡേറിയം, മാതൃകാ ചിത്രശലഭ പാര്‍ക്ക് എന്നിവയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരള വനംവകുപ്പുമായി ചേര്‍ന്ന് 2003-ല്‍ ആരംഭിച്ച കേരള ഫോറസ്റ്റ് സീഡ് സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു. വൃക്ഷങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് ഗവണ്‍മെന്റ് വകുപ്പുകള്‍, ഏജന്‍സികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരിലൂടെ വിതരണം ചെയ്യുകയാണ് സീഡ് സെന്ററിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍